റേഡിയോയും മലയാളഭാഷയും
ആമുഖം
ഒരുകാലത്തെ ഏവരുടെയും പ്രിയപ്പെട്ട ശ്രാവ്യമാധ്യമമായിരുന്നു റേഡിയോ. പ്രസാര്‍ഭാരതിയുടെ കീഴില്‍ ആള്‍ ഇന്ത്യാ റേഡിയോ നിലയം സ്ഥാപിതമാവുകയും ആകാശവാണി എന്ന പേരില്‍ പരിപാടികള്‍ പ്രക്ഷേപണം ആരംഭിക്കുകയും ചെയ്തതോടുകൂടിയുമായിരുന്നു ഇത്. അക്കാലത്തെ ജനങ്ങള്‍ക്ക് വിനോദത്തിനും വിജ്ഞാനത്തിനുമുള്ള പ്രധാന മാധ്യമമായിരുന്നു ആകാശവാണി. പൊതുസ്ഥലങ്ങളില്‍ റേഡിയോ സ്ഥാപിക്കുകയും ചെയ്തതോടുകൂടി ഇക്കാര്യം കൂടുതല്‍ സാധ്യവുമായി. ദൃശ്യശ്രാവ്യമാധ്യമങ്ങളുടെ കടന്നുവരവോടെ റേഡിയോയ്ക്കു ക്ഷയം സംഭവിച്ചു. ഈ അമൂല്യ മാധ്യമത്തെ ഒന്നടങ്കം മറന്നുകൊണ്ട് നുതന സംവിധാനങ്ങളുടെ പിറകേ പായുന്ന കാലം വന്നുചേര്‍ന്നു. വംശനാശഭീഷണി മുന്നില്‍ കണ്ട ഈ മാധ്യമം പിന്നീട് എഫ് എം എന്ന പേരില്‍ പുതുവസ്ത്രം ധരിച്ച് വീണ്ടും ശ്രോതാക്കളുടെ മുന്നില്‍ എത്തി. ആദ്യകാലത്ത് ആകാശവാണി മാത്രമായിരുന്നുവെങ്കില്‍ ഇന്ന് ധാരാളം സ്വകാര്യ റേഡിയോസ്റ്റേഷനുകള്‍ ഉയര്‍ന്നുവന്നു. ഇതോടെ വീണ്ടും റേഡിയോ ജനപ്രിയ മാധ്യമമായി മാറി.
റേഡിയോ ഇന്ന്
കേരളത്തില്‍ ഇന്ന് ധാരാളം എഫ് എം സ്റ്റേഷനുകള്‍ പ്രക്ഷേപണം നടത്തുന്നു. തിരുവനന്തപുരം, ആലപ്പുഴ, തൃശൂര്‍, കൊച്ചി, കണ്ണൂര്‍, കോഴിക്കോട് തുടങ്ങിയവ കേന്ദ്രമാക്കി ആകാശവാണിയും ഒപ്പം റിലയന്‍സ്, സണ്‍ നെറ്റ്‌വര്‍ക്ക്, മലയാള മനോരമ, മാത്രുഭൂമി തുടങ്ങിയവയുടെ ഉടമസ്ഥതയിലുള്ള പ്രൈവറ്റ് സ്റ്റേഷനുകളും പ്രക്ഷേപണം നടത്തുന്നു. റെഡ് എഫ് എം, ബിഗ് എഫ് എം, ക്ലബ് എഫ് എം, റേഡിയോ മാങ്കോ, റേഡിയോ മിര്‍ച്ചി, അനന്തപുരി എഫ് എം തുടങ്ങിയവ മുന്‍പന്തിയില്‍ നില്‍ക്കുന്ന സ്റ്റേഷനുകളാണ്. ഇതില്‍ അനന്തപുരി എഫ് എം ആകാശവാണിയുടെ എഫ് എം സ്റ്റേഷനാണ്. ആകാശവാണിയുടെ കീഴിലുള്ള വിവിധ ഭാരതി വാണിജ്യ പ്രക്ഷേപണ കേന്ദ്രമാണ്. ധാരാളം പരിപാടികള്‍ ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.അതില്‍ വാര്‍ത്തയും സിനിമാഗാനങ്ങളും തമാശ പരിപാടികളും പെടും.
റേഡിയോ ഭാഷ
എഫ് എമ്മുകള്‍ തുരുതുരെ കടന്നുവന്നതോടെ മലയാളഭാഷാ മാറ്റങ്ങള്‍ വന്നു. ഭാഷാപ്രയോഗരീതി പലപ്പോഴും ശരിയായ രീതിയിലല്ല കണ്ടുവരുന്നത്. ഇംഗ്ലീഷും മലയാളവും ചേര്‍ന്ന ഭാഷ എന്നതിനു പുറമേ ശരിയായ ഉച്ചാരണവും പദപ്രയോഗവും കുറഞ്ഞുവരുന്നു. പുതുതലമുറയ്ക്ക് പ്രിയമുള്ള ഭാഷയാണ് ഇന്ന് റേഡിയോ അവതാരകരിലൂടെ പുറത്തുവരുന്നത്. സിനിമാഗാനങ്ങള്‍ പ്രക്ഷേപണം ചെയ്യുന്നതോടൊപ്പം തമാശകളും നക്ഷത്രഫലങ്ങളും ആനുകാലിക പ്രാധാന്യമര്‍ഹിക്കുന്ന കാര്യങ്ങളും അല്പം ഗോസ്സിപ്പും ഇതിനിടയില്‍ പ്രവേശിക്കുന്നു. ധാരാളം ഏറ്റക്കുറച്ചിലുകളും അല്പം പുതുമയും ചേര്‍ന്ന ഭാഷയിലാണ് അവതാരകര്‍ പ്രത്യക്ഷപ്പെടുന്നത്.
ഇതില്‍നിന്നെല്ലാം തികച്ചും വ്യത്യസ്തമാണ് ആകാശവാണി. ആസ്വാദനത്തിനുപുറമേ ധാരാളം വിജ്ഞാനപ്രദമായ കാര്യങ്ങള്‍ക്ക് ആകാശവാണി മുന്‍ഗണന നല്‍കുന്നു. മലയാളഭാഷയ്ക്കും അര്‍ഹമായ പ്രാധാന്യം നല്‍കുന്നു. ഒപ്പം കൃഷി, ആരോഗ്യ, സംഗീത ,വിദ്യാഭ്യാസസംബന്ധമായതും തൊഴിലധിഷ്ഠിതവുമായ നല്ല പരിപാടികള്‍ പ്രക്ഷേപണം ചെയ്യുന്നുണ്ട്. ഭാഷയുമായി ബന്ധപ്പെട്ട പരിപാടികളും ഇതില്‍ ഉള്‍പ്പെടുന്നു. പല പ്രധാന ചടങ്ങുകളുടെയും ശബ്ദരേഖകളും ദൃക്സാക്ഷിവിവരണവും യാത്രാസംബന്ധമായ വിവരങ്ങളും ആകാശവാണി പകര്‍ന്നു തരുന്നു.
ആകാശവാണിയിലെ പ്രക്ഷേപണം മറ്റുള്ളവയില്‍നിന്നും തികച്ചും വ്യത്യസ്തമാണ്. ആകാശവാണി ടൂണ്‍ ചെയ്തുകഴിഞ്ഞാല്‍ തുടക്കംമുതല്‍ ഒടുക്കംവരെ ഒരു മിതത്വം പാലിക്കപ്പെടുന്നത് ശ്രദ്ധിക്കുവാനാകും. ശാന്തതയോടും വ്യക്തമായ ഭാഷയോടുംകൂടിയുള്ള അവതരണശൈലിയാണ് ആകാശവാണിയുടേത്.മലയാളഭാഷയ്ക്ക് അര്‍ഹിക്കുന്ന പദവി ഈ റേഡിയോനിലയം നല്‍കുന്നു. വ്യക്തമായ ഉച്ചാരണവും ഭാഷാശുദ്ധിയും ഇതിലെ അവതാരകര്‍ക്ക് ഉണ്ട്. ലയിച്ചിരുന്നുപോകുന്ന തരത്തില്‍ ശ്രാവ്യസുഖമുളവാക്കുന്ന അവതരണമാണിത്.
നമ്മളില്‍ സ്ഥിരമായി കണ്ടുവരുന്ന ഉച്ചാരണ പിഴവുകള്‍ ഉദാഹരണമാക്കി മലയാളഭാഷാപദങ്ങളെയും അവയുടെ ശരിയായ ഉച്ചാരണവും വ്യകതമാക്കിക്കൊണ്ടുള്ള ഏകദേശം മൂന്നുമിനിട്ടോളം ദൈര്‍ഘ്യമുള്ള പരിപാടി ദിവസേന ആകാശവാണിയിലൂടെ കേള്‍ക്കാന്‍ സാധിക്കും. മലയാളഭാഷയ്ക്ക് ആകാശവാണി നല്‍കുന്ന പ്രാധാന്യമാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഭാഷാപ്രയോഗത്തിലുമുണ്ട് ഈ വ്യത്യസ്തത. ഒരു സിനിമാഗാനമാണ് പ്രക്ഷേപണം ചെയ്യാനുദ്ദെശിക്കുന്നതെങ്കില്‍ മികച്ച ഭാഷയില്‍ ഗാനത്തെക്കുറിച്ചും സിനിമയെക്കുറിച്ചും വര്‍ണ്ണിച്ചുകൊണ്ട് ഒരാമുഖം നല്‍കും.മികച്ച ഭാഷാപദങ്ങള്‍ കണ്ടെത്തിയുള്ള ഈ അവതരണശൈലിയും എടുത്ത് പറയേണ്ടതുതന്നെ. മലയാള ചെറുകഥാപാരായണവും ലളിതഗാന പഠനവും എടുത്ത്പറയേണ്ട പരിപാടികളാണ്.
ഓണ്‍ലൈന്‍ റേഡിയോ
ഓണ്‍ലൈന്‍ റേഡിയോകള്‍ ഇന്ന് സജീവമായിക്കൊണ്ടിരിക്കുന്നു. പതിനഞ്ചില്‍പരം മലയാളം ഓണ്‍ലൈന്‍ റേഡിയോകളുണ്ട്.24 മനിക്കൂറും പ്രവര്‍ത്തിക്കുന്ന ഇത്തരം റേഡിയോകള്‍ സ്ഥിരമായി റേഡിയോ കേള്‍ക്കാന്‍ സാധിക്കാത്തവര്‍ക്ക് ഉത്തമമാര്‍ഗ്ഗമാണ്.ശ്രോതാക്കളുടെ ആവശ്യാനുസരണമുള്ള നിലയങ്ങള്‍ ഇതില്‍ ടൂണ്‍ ചെയ്യാന്‍ സാധിക്കും. ലോകത്തെവിടെയും ഇത് സാധ്യവുമാണ്.എല്ലാതരത്തിലുള്ള സംഗീത പരിപാടികള്‍ ഇതിലൂടെ പ്രക്ഷേപണം ചെയ്യപ്പെടുന്നുണ്ട്. റേഡിയോ ജോക്കി ആലൂക്കാസ് , രാഗം റേഡിയോ, റേഡിയോ ഡം ഡം, ഹിറ്റ് എഫ് എം തുടങ്ങിയവ പ്രധാന ഓണ്‍ലൈന്‍ റേഡിയോകളാണ്.














